Oct 7, 2013

മാംഗല്യം തന്തുനാനേന....

    
      വംബര്‍ 15 2009 എന്റെ ജ്യേഷ്ടന്റെ  ദിവസമായിരുന്നു. കാരണം കാലങ്ങളായ പെണ്ണ് കാണലിനു ശേഷം ഒത്തു വന്ന കല്യാണം. അന്നായിരുന്നു അത്.  പക്ഷെ അന്ന് എന്‍റെ കൂടി സന്തോഷ  ദിവസമായിരുന്നു. കാര്യം മറ്റൊന്നും അല്ല. ഇനി എന്‍റെ ഊഴം ആണല്ലോ.
ഏട്ടന്‍ കെട്ടിയാലല്ലെ എനിക്ക് കെട്ടാന്‍ പറ്റൂ.
അത് കൊണ്ട് ഇതു വരെ അതിനുള്ള വഴിയൊന്നും നോക്കിയിട്ടിലായിരുന്നു.
പക്ഷെ മൂപ്പരെ കല്ല്യാണവും കഴിഞ്ഞു,ഹണിമൂണും കഴിഞ്ഞു.
മാസം മൂന്നു നാലു കഴിഞ്ഞു.
എന്റെ കല്ല്യാണത്തെ പറ്റി വേണ്ടപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഒരു അനുകൂല നീക്കവും കാണുന്നില്ല. വേവുവോളം കാത്തില്ലെ ഇനി ആറുവോളം കാക്കാം..
കുറച്ച് കൂടെ കാത്തു നോക്കി, എവിടെ!! നോ രക്ഷ..
ഇനിയിപ്പൊ എന്റെ വയസ്സു അവര്‍ക്ക് നിശ്ചയം ഇല്ല്യ എന്നുണ്ടാവ്വൊ? ഹൈ..

ഞാന്‍ തികഞ്ഞ പ്രായപൂര്‍ത്തി എത്തിയ യുവാവാണെന്നും ഏട്ടന്റെ നീണ്ട പെണ്ണു കാണല്‍ ചടങ്ങിനിടക്ക് തന്നെ ഒരു പെണ്ണു കെട്ടാനുള്ള പ്രായമൊക്കെ ഞാന്‍ താണ്ടിയിട്ടുന്ണ്ടെന്നും തെളിയിക്കല്‍ എന്റെ ഒരു ബാധ്യതയായി മാറി.

അങ്ങനെ ഞാന്‍ ബൂലോഗ ശാസ്ത്ര അടവു നയം തന്നെ പയറ്റാന്‍ തീരുമാനിച്ചു.

‘ഒരാക്ക് കിടക്കാന്‍ എന്തിനാ ഇത്ര വലിയ പായ‘ എന്നു ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് കിടക്ക പായ രണ്ടായി കീറി. ബട്ട് കീറിയത് മിച്ചം. ആരും മൈന്റ് ചെയ്തില്ല. ഇനി ഇപ്പൊ എന്ത് ചെയ്യും? അപ്പൊഴാണ് എന്റെ ബുദ്ധിയില്‍ ഒരു ആശയം ഉരുത്തിരിഞ്ഞ് വന്നത്. ഒന്നുമല്ലാത്ത നേരത്ത് അടുക്കളയില്‍ കേറി ബഹളം വെച്ചു.

“ഏട്യാ ചായപ്പാത്രം”.

“അതെന്തിനാ?”

“ചായ ഇണ്ടാക്ക്വേന്‍,അല്ലാണ്ട് എനക്ക് ചായ ഇണ്ടാക്കി തരുവേന്‍ ഇവിടെ ബേറെ ആരും ഇല്ലാലൊ ?”

“ഈ ചെക്കനെന്താ പിരാന്താ?”

ഇതിനു മുന്‍പെ കിട്ടിയ കുറെ പേരിന്റെ കൂടെ 'പിരാന്തന്‍' എന്ന പേരു
കൂടി കിട്ടി എന്നല്ലാതെ വേറെ ഒന്നും സംഭവിച്ചില്ല.

അങ്ങനെ നിരാശാപരവശനായി കണ്ണേട്ടന്റെ പീടികത്തിണ്ണയിലിരിക്കുമ്പൊ ഒരു അംബാസഡര്‍ കാര്‍ എന്റെ മുന്‍പില്‍ വന്നു നിന്നു.
ഒരു കെളവന്‍ വല്യോപ്പ തല പൊറത്തേക്ക് ഇട്ടു എന്നെ വിളിച്ചു.

“മോഞ്ഞേ,ഒന്നിങ്ങോട്ട് ബാ..”

“എന്താ”

“ഈ മേലേക്കുനി അഷറപ്പിന്റെ പൊര ഏതാ?”

“ഇങ്ങള്‍ ഏടന്നാ?”

“ഓനിക്ക് ഒരു അന്വേഷണായിറ്റ് വന്നതാ”.

“അഷ്റഫിന്റെ പൊര....”എന്നു പറഞ്ഞു തുടങ്ങിയതും എന്റെ അപാര
കുബുദ്ധിയില്‍ അടുത്ത ബള്‍ബു കത്തി.

“ഇങ്ങളെ കണ്ടിറ്റ് നല്ല തറവാട്ട്കാരാന്ന് തോന്നുന്നിണ്ടല്ലൊ?,

ഇങ്ങക്ക് ഓനേക്കാളും നല്ല ചെക്കനെ കിട്ടൂല്ലെ? ഓനിക്ക് വല്ല്യ മോശോന്നും ഇല്ല.

എന്നാലും..."

ഞാന്‍ എന്റെ വീട് ചൂണ്ടി തുടര്‍ന്നു.

"ഇക്കാണുന്ന പൊര ഇല്ലെ..ആട അതാ നല്ല ഒരു പുയ്യാപ്ല..നല്ല തങ്കപ്പെട്ട സ്വഭാവം..
വിദ്യാഭ്യാസത്തിനൊ സന്‍ബത്തിനൊ ഒരു കുറവൂ ഇല്ല. ഇങ്ങക്ക് ചേര്‍ന്നതാ..”

“എന്തായാലും ഞങ്ങള്‍ അഷ്റഫിനെ തപ്പി എറങ്ങിയതല്ലെ..ആട ഒന്നു പോയി നോക്കട്ടെ..”

“ഉം”.

ഞാന്‍ വഴി കാണിച്ചു കൊടുത്തു.

എനിവേ ഒരു ചൂണ്ട ഇട്ടതല്ലെ, കൊത്തിയാലൊ?
ഞാന്‍ നേരെ വീട്ടിലേക്ക് വെച്ചു പിടിച്ചു.
ഇന്നലെയും കൂടി കുളിച്ചതാ,അതൊന്നും കാര്യാക്കാതെ വീണ്ടും കുളിക്കാന്‍ കേറി.
കുളിച്ച് കുട്ടപ്പനായി പൌഡര്‍ ഇട്ടു ഡ്രസ്സ് മാറ്റി കാത്തു നിന്നു. ഇടക്കിടെ പിന്നാന്‍പുറം പോയി നോക്കിക്കൊണ്ടേ ഇരുന്നു..അംബാസഡര്‍ വരുന്നുണ്ടോന്ന്...

അവസാനം അതാ വരുന്നു....

വളവും തിരിഞ്ഞ് നേരെ എന്റെ വീടിലേക്ക്.
അവരെ സ്വീകരിക്കാന്‍ ഞാന്‍ ചെല്ലുന്നതിനു മുമ്പേ പിതാശ്രീ കേറി ഹെഡ്‌ ചെയ്തു.

"കേറി ഇരിക്ക്, ആരാ.. മനസ്സിലായില്ല"

"ഞങ്ങള്‍ പുയ്യാപ്ലയെ അന്വേഷിച്ച് വന്നതാ"

"ഇങ്ങക്ക് വീട് മാറിപ്പോയി, അത് അപ്പുറത്തെ വീടാ ..പേര് ഇസ്മായീല്‍"

ദൈവമേ..സ്വന്തം ഫാദര്‍ തന്നെ ചതിച്ചു.'വീട് മാറീട്ടില്ല, ഞാനാ ചെക്കന്‍' എന്ന് വിളിച്ച് പറയാന്‍ പറ്റോ?

"എന്നാ ഞങ്ങള്‍ ഇറങ്ങട്ടെ?"

കല്യാണം കഴിക്കാത്ത, നാട്ടിലെ എല്ലാ ചെക്കന്മാരെയും ഞാന്‍ മനസ്സില്‍ പ്രാകി. അല്ല പിന്നെ...ഇവന്മാരൊക്കെ ഇത് വരെ എന്നാ എടുക്കുവാരുന്നു. നമ്മള്‍ ഒരു മാസത്തെ ലീവിന് നാട്ടില്‍ വരുമ്പോ തന്നെ കെട്ടാന്‍ ഇറങ്ങണോ? പണ്ടാരടങ്ങാന്‍...

അങ്ങനെ എല്ലാ അടവുനയങ്ങളുടെയും പരാജയത്തിനൊടുവില്‍ ഞാന്‍  തിരിച്ച് ദുബായിക്ക് കെട്ടു കെട്ടി.


ദുബായില്‍ ഓഫീസിലിരുന്ന് ചിന്തിച്ചു. അടുത്ത കൊല്ലമേ ഇനി നാട്ടില്‍ പോവൂള്ളൂ. അതും ഒരു മാസത്തേക്ക്‌. ആ ഒരു മാസത്തില്‍ കല്യാണം ശരിയായില്ലെങ്കില്‍ പിന്നേം ഒരു കൊല്ലം. പടച്ചോനേ....ഇനി ഇത് എപ്പോ കെട്ടും? എന്തു ചെയ്യും?
ഉത്തരം കിട്ടാത്ത ചോദ്യം. ഉത്തരം കിട്ടാത്ത ചോദ്യം നമ്മള്‍ എന്താ ചെയ്യുക? ഇന്‍റര്‍നെറ്റില്‍ തപ്പും. എന്നാ പിന്നെ ഇതും ഒന്ന് സെര്ചിയാലോ?
അങ്ങനെ ഞാന്‍ കേറാത്ത matrimonial portal ഇല്ല. അവസാനം എനിക്ക് പറ്റിയത് എന്ന് തോന്നിയ ഒരു profile കണ്ടു. ഞാനൊന്ന് മുട്ടി നോക്കി. എല്ലാ ദിവസോം ഓഫീസില്‍ എത്തിയാ ആദ്യത്തെ പണി profile check ചെയ്യാ, ആരെങ്കിലും എന്തെങ്കിലും മറുപടി അയച്ചിട്ടുണ്ടോ എന്ന് നോക്കുക...ഇതൊക്കെ ആയിരുന്നു. അങ്ങനെ ഒരു ദിവസം എന്റെ ഇന്‍ബോക്സില്‍ അതാ കിടക്കുന്നു ഒരു റിപ്ലൈ. അന്ന് ഞാന്‍ മുട്ടിയ അതേ profile - ല്‍ നിന്ന്.
"where are you? are you in india?"
ഇങ്ങോട്ട് തിരിച്ചു മുട്ടിയ സ്ഥിതിക്ക് ഞാനൊന്ന് മസില് പിടിച്ചു. അല്ലെങ്കിലും കല്യാണക്കാര്യം എന്നൊക്കെ പറയുന്നത് ഈ കാരണവന്മാര്‍ കൈകാര്യം ചെയ്യേണ്ട വിഷയം ആണല്ലോ?? ഏത്?‌.... സോ..ഞാന്‍ ഉടനടി റിപ്ലൈ കൊടുത്തു.

"അതില്‍ നാട്ടിലെ ലാന്‍ഡ്‌ ലൈന്‍ നമ്പര്‍ ഉണ്ടല്ലോ..അതില്‍ വിളിച്ചു അന്വേഷിച്ചാ മതി..."

അങ്ങനെ വീണ്ടും കാത്തിരിപ്പ്‌ തുടര്‍ന്നു...ആഴ്ചയില്‍ ഒരു ദിവസം നാട്ടില്‍ വിളിച്ചിരുന്ന ഞാന്‍ ഡെയിലി രണ്ടു മൂന്നു പ്രാവശ്യം ഫോണ്‍ വിളിച്ചോണ്ടിരുന്നു. അല്ല..അറിയണ്ടേ? അവര് തിരിച്ച് വിളിച്ചോ ആവോ?

"ദുബായ് ഷെയ്ക്ക് ഔട്ഗോയിംഗ് ഫ്രീ ആകിയാ"
ഫാതെര്‍ ശ്രീക്ക് ഒരു സംശയം?
"അതെന്താ?"
"അല്ല, ഇഞ്ഞ് ഇപ്പൊ ദിവസം രണ്ടൂടിയെല്ലം ഫോണ്‍ ചെയ്യുന്നോണ്ട് ചോയിച്ചതാ.."
"അത്..പിന്നെ..ആരിക്കെന്കിലും എന്തെങ്കിലും അസുകം ഇണ്ടോന്നു അറിയേണ്ടീടാ?"
"ഉം..."
ആ ഇരുത്തി മൂളല്‍ കേട്ടപ്പോ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

അങ്ങനെ അറ്റ്‌ ലാസ്റ്റ്‌ എന്റെ വീട്ടില്‍ ആ ഫോണ്‍ കോള്‍ വന്നു.
"ഹലോ.."
"ഹലോ.."
"ആരാ"
"ഇത് ഞാനാ.. ഇതാരാ?"
"ഇത് ഞാനാ.."
"ഏ!!??"
"ആ..."
"ഞാനൊരു കല്യാണ ആലോച്ചനക്ക് വേണ്ടി വിളിച്ചതാ.."
"ആരിക്ക്‌?"
"ഇങ്ങളെ മോന്"
"ഓന്റെ മംഗലം കയിഞ്ഞല്ലോ!!"
"അല്ല..മറ്റെ മോന്"
"ഏ!! ഓന്റെ മംഗലം കയിഞ്ഞ് ഒരു കുട്ടി ആയല്ലോ!!!"
"ഇങ്ങക്ക് എത്ര മക്കളാ??"
"മൂന്ന്‍..എന്തേനൂ??"
"എന്നാല് മൂന്നാമത്തെ ആള്‍ക്കാ..."
"ഓന്‍ പെണ്ണ് കെട്ടാനൊന്നും ആയിക്കില്ലപ്പാ.."
"അതെന്താ ആവാണ്ട്??"
"ആയിക്കാ??"
"ആയിക്ക്‌"
"അയേ..."

അങ്ങനെ ഞാന്‍ പെണ്ണ് കെട്ടാന്‍ മാത്രം വളര്‍ന്നു എന്ന് എന്റെ പിതാശ്രീ ഒരു വിധം കനവിന്‍സ്ട് ആയി..

ഒരു ദിവസം എന്റെ ഫോണില്‍ നാട്ടില്‍ നിന്നും ഒരു മിസ്സ്ഡ് കോള്‍. നാട്ടിലെ ഒരു കോയി ബിരിയാനീന്റെ പൈസ ആവും ഒരു മിനിറ്റ് മൊബൈലില്‍ നിന്ന് നാട്ടിലേക്ക്‌ വിളിക്കാന്‍. എന്നിട്ടും   ഞാന്‍ ഒന്നും നോക്കിയില്ല. മൊബൈല്‍ ഫോണ്‍ എടുത്ത് അപ്പൊ തന്നെ നാട്ടിലേക്ക്‌ വിളിച്ചു.
"എന്താ..എന്ത് പറ്റി??"
"ഇന്നലെ ഒരാള്‍ ഒരു പ്രൊപോസല്‍ ആയിറ്റ് വിളിച്ചിന്"
അങ്ങേ തലയില്‍ ഫാതെര്‍ജീ...മോനേ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി..

"ആരിക്ക്‌??"
ഒന്നും അറിയാത്ത പോലെ ഞാന്‍ ചോദിച്ചു"
"നിനക്ക്"
"എനക്കോ???!!!"
"ആ..നിനക്ക് തന്നെ..ഉം.."
ആ മൂളലില്‍ അവര്‍ക്ക്‌ എല്ലാം മനസ്സിലായി എന്ന് എനിക്ക് മനസ്സിലായി.
"ഓര്ക്ക് നിന്നെ കാണണം പോലും"
"അതെങ്ങനെ?"
ഉത്സാഹകുല്സിതനായി ഞാന്‍ ചോദിച്ചു.
"ഇന്‍റര്‍നെറ്റില്‍ കൂടി കണ്ടാ മതീന്ന്"
"മതിയോ?"
"മതി"
"ആ...മതിയെങ്കി മതി.."
അങ്ങനെ ഞാന്‍ IM ഐടിയും ഡീടയില്‍സും കൈമാറി.

അങ്ങനെ ഒരു പെണ്ണിനെ 'പെണ്ണ് കാണല്‍ ചടങ്ങ്' എന്ന പേരില്‍ ആദ്യമായി വെബ്കാമില്‍ കൂടെ കണ്ടു. അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെട്ടു. പോരാത്തതിന് അത് റെകോര്‍ടും ചെയ്തു. വീണ്ടും വീണ്ടും കണ്ടു..ഹോ..

എന്നിരുന്നാലും പെണ്ണ് കാണല്‍ ചടങ്ങ് നേരിട്ട് തന്നെ വേണം പോലും..എന്നിട്ട് ഇഷ്ടപ്പെട്ടാലെ കെട്ടിച്ചു തരൂന്ന്. ഇത് ഒരു തരം മറ്റെ പരിപാടി ആയിപ്പോയി. ആന കൊടുത്താലും ആശ കൊടുക്കരുതായിരുന്നു... എന്തൊക്കെ പ്രതീക്ഷയായിരുന്നു.
ഇനി ഇപ്പൊ എന്നെ നേരിട്ട് കാണുമ്പോ അവര്‍ക്ക്‌ പിടിചില്ലെങ്കിലോ?? ഈശ്വരാ..

എനിവേ പെണ്ണ് കാണാന്‍ വേണ്ടി ഒരാഴ്ചത്തെ ലീവിന് ഞാന്‍ ഫ്ലൈറ്റ്‌ കേറി.
അങ്ങനെ ആ ദിവസം സംജാതമായി. പെണ്ണ് കാണല്‍ ചടങ്ങ്.
കുളിച്ച് പൌഡര്‍ ഇട്ടു, ആരും കാണാതെ പൌഡര്‍ ബോട്ട്ല്‍ കൂടെ എടുത്ത്‌ കാറില്‍ കേറി. പൌഡര്‍ ബോട്ട്ല്‍ എടുത്തത്‌ വേറെ ഒന്നിനും അല്ല. നല്ല ചൂട് സമയമാ. വിയര്‍പ്പ് കൊണ്ട് ഒരു രക്ഷയും ഇല്ല. അവളുടെ വീട് എത്താറായപ്പോ വീണ്ടും പൌഡര്‍ ഇട്ട് ഒരച്ച് മിനുസ്സാക്കി മൊഞ്ചായി.

വീടെത്തി, ജൂസ്‌ കുടി കഴിഞ്ഞ് ഇരിക്കുമ്പോ അമ്മായിയപ്പന്‍ കെയിം ടു തി പോയിന്‍റ്..
"എന്നാ പിന്നെ...ഇങ്ങക്ക് എന്തെങ്കിലും...സംസാരിക്കണെങ്കി....."

എല്ലാ റൗണ്ട് ടെസ്റ്റും കഴിഞ്ഞ് അവസാനത്തെ റൗണ്ട് ഇന്റെര്‍വ്യൂ വിന് പോവുന്ന ഉദ്യോഗാര്‍ഥിയെ  പോലെ ഞാന്‍ ഒരു ഭാര്യാര്‍ഥിയായി അകത്തേക്ക്‌ ചെന്നു. ഫസ്റ്റ് റൗണ്ട് പാസായ കോണ്ഫിടന്‍സ്‌ ഉണ്ടെങ്കിലും അതിന്‍റെ പുറത്ത്‌ കണ്ട സ്വപ്നങ്ങളൊക്കെ ഈ ടെസ്റ്റില്‍ പൊട്ടിയാ പോയില്ലേ?.. 

പിന്നെ ഒരു സമാധാനം ഇതായിരുന്നു.
ടെന്‍ഷന്‍ എനിക്ക് മാത്രം അല്ലല്ലോ? അവള്‍ക്കും ഉണ്ടാവൂല്ലേ? അപ്പൊ ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരേ മാനസികാവസ്ഥ. എന്തൊരു മനപ്പൊരുത്തം?

സ്വയം ധൈര്യം സംഭരിച്ച് അകത്തേക്ക്‌ കടന്നു ചെന്നു. ടെന്‍ഷന്‍ കാരണം ഒരു വളിച്ച ചിരിയുമായി നില്‍കുന്ന അവളെ ഞാന്‍ കണ്ടു.
അവള്‍ എന്റെ മുഖത്ത്‌ നോക്കി. പിന്നെ എന്റെ കയ്യില്‍ പിടിച്ചിരുന്ന വില കൂടിയ സെല്‍ ഫോണിലായി നോട്ടം. പെട്ടെന്ന്  ഞാന്‍ അത് പോകറ്റിലിട്ടു. ഒരു കാര്യം മനസ്സിലായി. പുള്ളിക്ക് ഇപ്പൊ തന്നെ എക്സ്പെന്‍സീവ് പ്രോപെര്ടീസിലാന് നോട്ടം.

ഞാന്‍ ആദ്യം ഒന്ന് ചിരിച്ചു.

പിന്നെ ഞാന്‍ അവളോട്‌ പേര് ചോദിച്ചു.
ടെന്‍ഷന്‍ കാരണം ശബ്ദം പുറത്ത്‌ വരുന്നുണ്ടായിരുന്നില്ല.
അല്ലെങ്കിലും എത്ര ധൈര്യം സംഭരിച്ചാലും കാര്യത്തോട് അടുക്കൊമ്പോ സംഗതി ബേജാറാ.

"എവിടെയാ പഠിച്ചത?"
ഞാന്ന്‍ അടുത്ത ക്വസ്റ്റ്യന്‍ ഇട്ടു.

"BTech, ECE"

"ഏ!!!!"

"എന്താ പഠിച്ചേ??"

"MES കുറ്റിപ്പുറം"

ആഹ..

ഓ. കെ. എന്റെ ചോദ്യങ്ങളൊക്കെ കഴിഞ്ഞപ്പൊ ഉത്തരങ്ങളൊക്കെ ശരിയായി.

പിന്നെ ചോദിക്കാന്‍ ചോദ്യങ്ങളൊന്നും സ്റ്റോക്കില്ലായിരുന്നു, എന്നല്ല 'ധൈര്യം' കാരണം മറന്നു പോയിരുന്നു.

എന്തായാലും എനിക്ക് വീണ്ടും ഇഷ്ടപ്പെട്ടു.

എന്‍റെ പെര്‍ഫോമന്‍സ് അവര്‍ക്കും ഇഷ്ടപ്പെട്ടു.

ബട്ട് എന്‍റെ ലീവ് ഒണ്‍ലി വണ്‍ വീക്ക്‌ ആയത് കാരണം കല്യാണം കഴിച്ച് വീട്ടില്‍ കൂട്ടിക്കൊണ്ട് പോരാന്‍ മാത്രം സമയം ഇല്ല.

സൊ അങ്ങനെ എന്ഗേജ്മെന്റ്റ് അഥവാ നിക്കാഹ് (നിയമപരമായ കല്യാണം) അതേ ആഴ്ചയിലെ 7-മ് തീയതിക്ക് അതായത്‌ 7 October 2010 ലേക്ക് ഫിക്സ് ചെയ്തു.

2013  ഒക്ടോബര്‍ 7ന് മൂന്നാം വിവാഹ വാര്‍ഷികം.

*********************************************************************************

കല്യാണം  2011 ഫെബ്രുവരി 27 ന് മംഗളപൂര്‍വം കൊണ്ടാടി. അത് കഴിഞ്ഞ് ഞാന്‍ അവളേം കൊണ്ടോടി, ദുബായിക്ക്.

Aug 14, 2013

സ്വാതന്ത്ര്യ ദിനാശംസകള്‍ ..പക്ഷെ ആര്‍ക്ക്??



ഇന്ന് ഇന്ത്യയുടെ 67- )o സ്വാതന്ത്ര്യ ദിനം. എല്ലാവര്ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ .

സത്യത്തില്‍ എല്ലാര്‍ക്കും സ്വാതന്ത്ര്യം കിട്ടിയോ?

തലക്ക് അടി കൊണ്ട് മരിക്കുമ്പോ അല്ലെങ്കി മരണത്തോട്‌ മല്ലടിച്ച് കിടക്കുമ്പോ മാത്രം പുറം ലോകം അറിയുന്ന കൊടിയ പീഡനം അനുഭവിക്കപ്പെടുന്ന  കുട്ടികള്‍ക്ക്‌ എവിടെ സ്വാതന്ത്ര്യം?
 "ഭക്ഷണം കഴിച്ചില്ലെങ്കില്‍ അടി കിട്ടും" എന്ന് കുട്ടിയോട് പറയുന്നത് വരെ മനുഷ്യാവകാശ ലങ്കനമായി കാണുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ നിയമം വെച്ച് നോക്കുമ്പോള്‍ എന്റെ കുട്ടിയെ ഞാന്‍ അടിക്കും, കൊല്ലും താനാരാ ചോദിക്കാന്‍ എന്ന് ചോദിക്കുന്ന ഇന്ത്യന്‍ രക്ഷിതാക്കളുടെ മക്കള്‍ക്ക് എവിടെ സ്വാതന്ത്ര്യം?

ഒരു ചുള്ളിക്കന്പിനു സ്ത്രീവസ്ത്രം ചുറ്റിയാല്‍ അതിനെ വരെ പീഡിപ്പിക്കപ്പെടുന്ന ഈ നാട്ടില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എവിടെ സ്വാതന്ത്ര്യം?

പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു കക്കൂസ് പോലും ഇല്ലാത്ത, ഒരു തുണ്ട് ഭൂമി പോലും നിഷേധിക്കപ്പെട്ട ആദിവാസികള്‍ക്ക് എവിടെ സ്വാതന്ത്ര്യം? വേണ്ടത്ര പോഷകാഹാരം ലഭിക്കാതെ മരണപ്പെടുന്ന കുട്ടികള്‍ക്കും അവരുടെ ആദിവാസി കുടുമ്പത്തിനും എവിടെ സ്വാതന്ത്ര്യം?

ഉയര്‍ന്ന ജാതിയിലെ പെണ്ണിനെ കല്യാണം കഴിച്ചതിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയാവുന്ന മാന്ഗല്യ സൌഭാഗ്യം പോലും നിഷേധിക്കപ്പെട്ട ദളിതന് എവിടെ സ്വാതന്ത്ര്യം?

രാഷ്ട്രീയ ഭരണ നേട്ടങ്ങള്‍ക്ക്‌ വേണ്ടി ഒരിക്കലും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ക്ക് നടുവില്‍ ജീവിക്കുന്ന കാശ്മീരിലെ സാധാരണ ജനങ്ങള്‍ക്ക് എവിടെ സ്വാതന്ത്ര്യം?

 'പട്ടാളക്കാരേ, ഞങ്ങളെ ബലാല്‍സംഗം ചെയ്യുക' എന്ന ബാനര്‍ കൊണ്ട് നഗ്നശരീരം മറച്ചുപിടിച്ച് പ്രധിഷേധിക്കേണ്ടി വരുന്ന ഗതികെട്ട മണിപ്പൂരികള്‍ക്ക് എവിടെ സ്വാതന്ത്ര്യം? 

ആരൊക്കെയോ എന്തിനൊക്കെയോ വേണ്ടി നടത്തുന്ന സ്പോടനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും, മുസ്ലിം നാമം എന്ന ഒറ്റ കാരണത്താല്‍ കല്‍തുരുങ്കില്‍ അടക്കപ്പെട്ട് ജീവിതം ഹോമിക്കപ്പെട്ട നിരപരാധികളായ സഹോദരങ്ങള്‍ക്ക്‌ എവിടെ സ്വാതന്ത്ര്യം?

സ്വാതന്ത്ര്യം രാഷ്ട്രീയക്കാര്‍ക്കും ഭരണകൂടത്തിനും പണക്കാരനും സവര്‍ണനും മാത്രമേ ഉള്ളൂ????
എല്ലാര്ക്കും ഒരു പോലെ സ്വാതന്ത്ര്യം അനുഭവിക്കാന്‍ സാധിക്കുന്ന ഭാരതത്തിനു വേണ്ടി നമുക്ക്‌ പ്രാര്‍ത്ഥിക്കാം... പ്രവര്‍ത്തിക്കാം...

എന്നിരുന്നാലും വെള്ളപ്പട്ടാളത്തിന്റെ കാല്‍ച്ചുവട്ടില്‍ നിന്നും സ്വതന്ത്രരായ നമുക്ക്‌ ഈ സ്വാതന്ത്ര്യ ദിനവും ഭംഗിയായി ആഘോഷിക്കാം. 

ജയ്‌ ഹിന്ദ്..