Aug 14, 2013

സ്വാതന്ത്ര്യ ദിനാശംസകള്‍ ..പക്ഷെ ആര്‍ക്ക്??



ഇന്ന് ഇന്ത്യയുടെ 67- )o സ്വാതന്ത്ര്യ ദിനം. എല്ലാവര്ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ .

സത്യത്തില്‍ എല്ലാര്‍ക്കും സ്വാതന്ത്ര്യം കിട്ടിയോ?

തലക്ക് അടി കൊണ്ട് മരിക്കുമ്പോ അല്ലെങ്കി മരണത്തോട്‌ മല്ലടിച്ച് കിടക്കുമ്പോ മാത്രം പുറം ലോകം അറിയുന്ന കൊടിയ പീഡനം അനുഭവിക്കപ്പെടുന്ന  കുട്ടികള്‍ക്ക്‌ എവിടെ സ്വാതന്ത്ര്യം?
 "ഭക്ഷണം കഴിച്ചില്ലെങ്കില്‍ അടി കിട്ടും" എന്ന് കുട്ടിയോട് പറയുന്നത് വരെ മനുഷ്യാവകാശ ലങ്കനമായി കാണുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ നിയമം വെച്ച് നോക്കുമ്പോള്‍ എന്റെ കുട്ടിയെ ഞാന്‍ അടിക്കും, കൊല്ലും താനാരാ ചോദിക്കാന്‍ എന്ന് ചോദിക്കുന്ന ഇന്ത്യന്‍ രക്ഷിതാക്കളുടെ മക്കള്‍ക്ക് എവിടെ സ്വാതന്ത്ര്യം?

ഒരു ചുള്ളിക്കന്പിനു സ്ത്രീവസ്ത്രം ചുറ്റിയാല്‍ അതിനെ വരെ പീഡിപ്പിക്കപ്പെടുന്ന ഈ നാട്ടില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എവിടെ സ്വാതന്ത്ര്യം?

പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു കക്കൂസ് പോലും ഇല്ലാത്ത, ഒരു തുണ്ട് ഭൂമി പോലും നിഷേധിക്കപ്പെട്ട ആദിവാസികള്‍ക്ക് എവിടെ സ്വാതന്ത്ര്യം? വേണ്ടത്ര പോഷകാഹാരം ലഭിക്കാതെ മരണപ്പെടുന്ന കുട്ടികള്‍ക്കും അവരുടെ ആദിവാസി കുടുമ്പത്തിനും എവിടെ സ്വാതന്ത്ര്യം?

ഉയര്‍ന്ന ജാതിയിലെ പെണ്ണിനെ കല്യാണം കഴിച്ചതിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയാവുന്ന മാന്ഗല്യ സൌഭാഗ്യം പോലും നിഷേധിക്കപ്പെട്ട ദളിതന് എവിടെ സ്വാതന്ത്ര്യം?

രാഷ്ട്രീയ ഭരണ നേട്ടങ്ങള്‍ക്ക്‌ വേണ്ടി ഒരിക്കലും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ക്ക് നടുവില്‍ ജീവിക്കുന്ന കാശ്മീരിലെ സാധാരണ ജനങ്ങള്‍ക്ക് എവിടെ സ്വാതന്ത്ര്യം?

 'പട്ടാളക്കാരേ, ഞങ്ങളെ ബലാല്‍സംഗം ചെയ്യുക' എന്ന ബാനര്‍ കൊണ്ട് നഗ്നശരീരം മറച്ചുപിടിച്ച് പ്രധിഷേധിക്കേണ്ടി വരുന്ന ഗതികെട്ട മണിപ്പൂരികള്‍ക്ക് എവിടെ സ്വാതന്ത്ര്യം? 

ആരൊക്കെയോ എന്തിനൊക്കെയോ വേണ്ടി നടത്തുന്ന സ്പോടനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും, മുസ്ലിം നാമം എന്ന ഒറ്റ കാരണത്താല്‍ കല്‍തുരുങ്കില്‍ അടക്കപ്പെട്ട് ജീവിതം ഹോമിക്കപ്പെട്ട നിരപരാധികളായ സഹോദരങ്ങള്‍ക്ക്‌ എവിടെ സ്വാതന്ത്ര്യം?

സ്വാതന്ത്ര്യം രാഷ്ട്രീയക്കാര്‍ക്കും ഭരണകൂടത്തിനും പണക്കാരനും സവര്‍ണനും മാത്രമേ ഉള്ളൂ????
എല്ലാര്ക്കും ഒരു പോലെ സ്വാതന്ത്ര്യം അനുഭവിക്കാന്‍ സാധിക്കുന്ന ഭാരതത്തിനു വേണ്ടി നമുക്ക്‌ പ്രാര്‍ത്ഥിക്കാം... പ്രവര്‍ത്തിക്കാം...

എന്നിരുന്നാലും വെള്ളപ്പട്ടാളത്തിന്റെ കാല്‍ച്ചുവട്ടില്‍ നിന്നും സ്വതന്ത്രരായ നമുക്ക്‌ ഈ സ്വാതന്ത്ര്യ ദിനവും ഭംഗിയായി ആഘോഷിക്കാം. 

ജയ്‌ ഹിന്ദ്..

No comments:

Post a Comment