Oct 21, 2015

ബലി മനുഷ്യന്‍

ഹേ.. മനുഷ്യാ!
നീയെന്‍ വര്‍ഗത്തെ ചുട്ടു തിന്നോ?
അതിന്‍ കടക്കല്‍ കത്തി വെച്ചോ?
ഇല്ല ദൈവമേ ഞാന്‍ നിന്നെ കൊന്നില്ല
ഞാന്‍ നിന്നെ തിന്നില്ല
എന്നിട്ടും അവരെന്നെ തല  തല്ലിക്കൊന്നു

ഹേ .... മനുഷ്യാ!
നീ നിന്നമ്മതന്‍ കഴുത്തറുത്തോ?
അതിന്‍ മാംസം കടിച്ചു തിന്നോ?
ഇല്ല ദൈവമേ എനിക്കതിനാവതില്ല
അമ്മ തന്‍ കാല്‍ ചുവട്ടിലല്ലയോ സ്വര്‍ഗം
എന്നിട്ടും അവരെന്നെ തല തല്ലിക്കൊന്നു

അവര്‍ പറഞ്ഞു ഞാനെന്ത് ഭുജിക്കണം
അവര്‍ പറഞ്ഞു ഞാനെന്ത് മൊഴിയണം
അവര്‍ പറഞ്ഞു ഞാനെന്ത് ധരിക്കണം
അവര്‍ പറഞ്ഞു ഞാനാരെ പ്രണയിക്കണം
അണുവിട തെറ്റാതെ ഞാനത് കേട്ടു
എന്നിട്ടും അവരെന്നെ ഇഷ്ടികയ്ക്കിടിച്ചു കൊന്നു

മകനെ...പിന്നെന്തിനു വന്നു  നീയെന്‍  സമക്ഷം?
എന്താണ് നീ ചെയ്ത വന്‍ അപരാധം?
വയറ്റിപ്പിഴപ്പിനായ്  ഞാന്‍ തിന്നു ഇത്തിരി ആട്ടിന്‍ മാംസം
പിറന്നു വീണപ്പോള്‍ അമ്മ എന്നെ വിളിച്ചു "മുഹമ്മദ്‌ അഖ്ലാഖ്"
എനിക്കറിയില്ല ദൈവമേ...ഇത്  സത്യം
ഇതില്‍ ഏതാണ് ഞാന്‍ ചെയ്ത വന്‍ അപരാധം.

അല്ലയോ സഹോദരാ...
നാല്‍കാലി മാംസത്തെക്കാള്‍ രുചിയോ
ഇരുകാലി മനുഷ്യന്റെ പച്ച മാംസം?
നാലണയ്ക്ക് വിലയില്ലേ മനുഷ്യന്നു?
നാല്കാലിയോ നിന്റെ മാതാ..നിന്റെ ദൈവം?

                                                      - കാങ്ങാടൻ -




Aug 26, 2015

തെങ്ങ് കയറ്റ മഹാ കാവ്യം

ഈ കവിതയിലെ കഥാപാത്രങ്ങള്‍ക്ക് മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയിട്ട് എന്തെങ്കിലും സാദൃശ്യം ഉണ്ടെങ്കില്‍ അത് തികച്ചും മനപ്പൂര്‍വം മാത്രം
*********************************************************************************

മണ്ടാ കുരിപ്പേ, മാഷേ ചിരിക്കുന്നോ?
കണ്ടോന്റെ കണ്ടത്തിലെ തേങ്ങ കട്ടിറ്റ്
തൊണ്ട അലറി മാപ്ല ചോദിച്ചു
പണ്ടാരമീ മാഷ് പിന്നേം ചിരി തന്നെ
ബുഹുഹ ഹ ഹ ഹി ഹി ഹി ഹ ഹ

ചിരിയുടെ ഗുട്ടന്‍സ് മാപ്ലയ്ക്ക് പിടി കിട്ടി
ചെരകുവാന്‍ തേങ്ങയ്ക്ക് കാത്ത് നില്‍ക്കയാണയാള്‍
പുരയുള്ള കണ്ടത്തില്‍ തേങ്ങ ഇടുന്നേരം
ഒരു നാലഞ്ച് തേങ്ങ മാഷ്ക്കുള്ളതത്രേ!!

ബാലന്റെ വീടിന്റെ മൂലേലെ കണ്ടത്തില്‍
ഓല വെട്ടിയിടാന്‍ തുടങ്ങിയ നേരത്ത്
ബാലന്റെ ഓള് ശാന്തയും മോനും
നാലഞ്ച് തേങ്ങയുമായ് വന്നു മൊഴിഞ്ഞു
വീണ് കിട്ട്യതാ ഈ തേങ്ങയത്രയും
ചാണകം കോരുവാന്‍ വന്ന നേരത്ത്...

തക്ക സമയത്ത് ഞാന്‍ പെറുക്കിയില്ലെങ്കില്‍
തെക്കേലെ കള്ളന്‍ പോക്കര്‍ കട്ടേനെ
ചെക്കന്റെ ചുക്ക് പോലുള്ള ഈ തേങ്ങകള്‍...

മാനേ കുഞ്ഞിമ്മോനെ അന്ത്രൂന്റെ മോനേ, മുട്ടന്‍
ചേന പോലുള്ള ഒരന്ചെട്ടു തേങ്ങ
ഓന്റോക്ക് ചാടിക്കൊടുക്ക് ഹിമാറെ
അനിയന്റെ മോനോട്മാപ്ല കല്പിച്ചു

ഇത് കേട്ട് മച്ചു മോന്‍ മനസ്സില്‍ ചിരിച്ചു
പത്ത് മുന്നൂറ് തേങ്ങ പെറുക്കീട്ട്
അതില്‍ അഞ്ച് കൊട്ടത്തേങ്ങ തിരിച്ച് തന്നിട്ട്
പത്ത് മുട്ടന്‍ തേങ്ങ ഗിഫ്റ്റായി കൊണ്ടോയവള്‍

ഹോ!! എന്തൊരു ബുദ്ധി ഈ പണ്ടാര ശാന്തയ്ക്ക്
കുന്തം പോലുള്ള ഈ മൂത്താപ്പാക്കാണെങ്കില്‍
ചിന്തയുമില്ല.... ബുദ്ധിയുമില്ല....

-മഹാ ക പി വി കാങ്ങാടന്‍-