Oct 18, 2009

ആയ്യ്യാറാപ്ല

ടക്കന്‍  മലബാറിലെ ഒരു ശ്യാമസുന്ദരകോമളകേരവിതാര ഗ്രാമം. ആ ഗ്രാമത്തിന്റെ പേരാണ് ‘പയന്തോങ്ങ്’.


ഈ ഗ്രാമത്തിലെ നല്ലവരായ ജനങ്ങളില്‍ ഒരു നല്ലവനായ ആളായിരുന്നു ‘ഹാജിയാര്’. എല്ലാരും ‘ആയ്യ്യാര്‍’ എന്നോ  ‘ആയ്യ്യാറാപ്ല’ എന്നോ വിളിക്കുന്ന മൊയ്തീന്‍ കുട്ടി ഹാജി.

പയന്തോങ്ങ് വിട്ടാല്‍ ഒരേയൊരു പുന്നാര മോള്‍ സൂറാന്റെ വീട്. സൂറാന്റെ വീട് വിട്ടാല്‍ പയന്തോങ്ങ്, ഇതാണ് ആയ്യ്യാറുടെ ലോകം. കൊപ്ര വിക്കാന്‍ വേണ്ടി തേങ്ങ ഉരിക്കുന്ന(പൊളിക്കുന്ന) കുഞ്ഞിരാമന്റെ കൂടെ ഇടക്കിടെ വടകര പോവുമെങ്കിലും ഇത്  വരെ ഏറ്റവും കൂടുതല്‍ ദൂരം പോയിട്ടുള്ളത് കോഴിക്കോടാണ്.
ഇളയ മകന്‍ ഹമീദിന്റെ പ്രസവത്തിന് പെണ്ണുമ്പിള്ള കുഞ്ഞാമ്മീന്റെ കൂടെ ഹോസ്പിറ്റലില്‍.
ബാക്കി ഉള്ളവരെയൊക്കെ പെറ്റത് വീട്ടില്‍ തന്നെയാണല്ലൊ.. ലക്ഷംവീട്ടിലെ പരോത്തി ചീരുവിന്റെ നിരീക്ഷണത്തിലും  കാര്‍മികത്വത്തിലും.
വിദ്ധ്യാഭ്യാസം പഴയ നാലാം ക്ലാസും ഗുസ്തിയും.
പക്ഷെ ഇതിന്റെ അഹംഭാവമൊന്നും അയ്യ്യാര്‍ക്ക് ഇല്ല. ആകെയുള്ള ഒരു അഹംഭാവം താന്‍  വല്ല്യ  പ്രമാണി ആണെന്നുള്ളതാ.

അത് ഇല്ലങ്കിലല്ലേ പറയാനുള്ളൂ. 12 ഏക്കര്‍ തെങ്ങും തോട്ടവും 6 ഏക്കര്‍ വയലും സ്വന്തായിട്ട് ഉള്ള ആരാ ഇവിടെ ഉള്ളത്?
ഉള്ള ആറ് ആണ്‍ മക്കളില്‍ ആറാളും ഗള്‍ഫില്‍....
കാറ്..
അതും ഇന്നോവ,സ്വന്തം വീട്ട് മുറ്റത്ത്.....
എല്ലാം കൊണ്ടും പണവും പത്രാസും ഉള്ള ഒരേയൊരു നാട്ടു പ്രമാണി.

സ്വന്തം പത്രാസ് നാലാളോട് പറഞ്ഞ് നടക്കുന്നത് ഹാജ്യാരുടെ ഹോബ്ബികളില്‍ ഒന്നാണ്. അപ്പൊ കിട്ടുന്ന ആ സുഖം ആ ഒരു ഇത് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ആണത്രെ.

ഊതിന്റെ അത്തറും ബ്രൂട്ടിന്റെ സ്പ്രേയും അടിച്ച് ഒരു നടത്തം നടക്കാന്‍ ഉണ്ട് പയന്തോങ്ങ് ടൌണില്‍ക്കൂടെ. ഒരു ഒന്നൊന്നര നടത്തം.

ഒരു ദിവസം പതിവ് പോലെ നടക്കാന്‍ ഇറങ്ങി ഹാജിയാര്. അന്ത്രൂന്റെ ചായക്കടയുടെ മുന്നില്‍ എത്തിയപ്പൊ ചായ കുടിച്ചോണ്ടിരുന്ന അയമൂട്ടി ചോദിച്ചു.

“നല്ല മണാണല്ലൊ ആയ്യ്യാറെ?...”

ചോദ്യം കേട്ട സന്തോഷത്താല്‍, മുറുക്കിച്ചുവപ്പിച്ച് പുളിങ്കുരു പോലെയായ പല്ല് കാട്ടി ഹാജിയാര് ഒന്നു ചിരിച്ചു. ഈ പഹയന്മാരെക്കൊണ്ട് ഇത് ചോദിപ്പിക്കാനല്ലെ ടൌണിലേക്ക് ഇറങ്ങിയത് തന്നെ...
'വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഛര്‍ദ്ദിച്ചതും പാല്' എന്ന് മനസ്സില്‍ ഓര്‍ത്തു കൊണ്ട് ഹാജിയാര്‍ മറുപടി കൊടുത്തു.

“അതെന്‍റെ മോന്‍ ഹമീദ് കുവൈത്തീന്ന് ബെരുമ്മം കൊണ്ടോന്നതാ..”

“ഓനിക്ക് ആട എന്ത്ന്നാ പണി?” അയമൂട്ടി കിന്നാരം ചോദിച്ചു.

“ഓന് ആട ബെല്ല്യ ഉദ്യോഗാ..”

ഹാജിയാര്‍ ഒരു ഇരയെ കിട്ടിയ സന്തോഷത്തില്‍ വീണ്ടും തുടര്‍ന്നു..

“ഓന ആട ഹമീദ് എന്നൊന്നും അല്ല ബിളിക്കുന്നത്.”

“പിന്ന??” അയമൂട്ടിക്ക് ആകാംഷ മൂത്തു...

“ഓന എല്ലരും കുക്ക്.. കുക്ക്... എന്നാ പോലും ബിളിക്ക്വാ..”

"നേരാ!!!?"

‘കുക്കി’ന്റെ അര്‍ത്ഥം, പറഞ്ഞ ഹാജിയാര്‍ക്കൊ ചോദിച്ച അയമൂട്ടിക്കൊ കേട്ട് നിന്ന കണാരനൊ ചായക്കടക്കാരന്‍ അന്ത്രുവിനൊ, എന്നു മാത്രമല്ല അവിടെ ഉണ്ടായിരുന്ന ആര്‍ക്കും വല്ല്യ പിടിയില്ലാത്തത് കാരണം എല്ലാരും ഒരേ നിഗമനത്തില്‍ എത്തി. ഇത് എന്തോ വല്ല്യ സംഭവം തന്നെയാ....

..ന്നാലും ഈ ഹമീദ്?.....
മൂക്കും ഒലിപ്പിച്ച് നടന്ന ചെറ്യോനല്ലേനോ?......
നാട്ടുകാര്‍ക്കൊ വീട്ടുകാര്‍ക്കൊ ഒരു ഉപകാരോം ഇല്ലാത്ത ബെലാല്‍....
നാദാപുരത്തേക്ക് പോന്ന ജീപ്പിന്റെ കിളിയായിരുന്ന ഹമ്ക്ക്...
ഉസ്ക്കൂളിന്റെ പടി കണ്ട്ക്കോന്ന് സംശയാ...
അങ്ങനത്തെ ഓന്‍??.....
മൂക്കിന് മോള്‍  വിരല്‍ വെച്ച് ആശ്ച്ചര്യത്തോടെ പരസ്പരം അഭിപ്രായപ്പെട്ടു.

“ഹോ! ആ അയ്യ്യാറെ ഒരു ഭാഗ്യം നോക്ക്യാണീ..”

ആര്‍ക്കും അസൂയ്യ്യ അടക്കാന്‍ കഴിഞ്ഞില്ല.

എന്റെ മോനെയും ഒരു കുക്ക് ആക്കുന്ന വഴി ആലോചിക്കണം എന്ന് തീരുമാനിച്ച് ഞെട്ടല്‍ തല്‍ക്കാലം നിര്‍ത്തി വെച്ച അയമൂട്ടി ഹാജിയാരെ തിരഞ്ഞെങ്കിലും, കക്ഷം മണപ്പിച്ച്  പെര്‍ഫ്യൂമിന്റെ  സ്മെല്ലിന്റെ കാഠിന്ന്യം ഉറപ്പ് വരുത്തി അടുത്ത ആള്‍ക്കൂട്ടം ലക്ഷ്യമാക്കി നടന്നു നീങ്ങുന്ന ഹാജ്യാരെ ഒരു നിഴല് പോലെ കാണാനെ ‍ കഴിഞ്ഞുള്ളൂ.......




Oct 12, 2009

ഭാഷാ മാഹാത്മ്യം-1

കോഴിക്കോടും മലപ്പുറവും കണ്ണൂരും കാസര്‍ഗോടും വയനാടും ഒക്കെ ഉള്‍പെട്ട ഒരു മൊത്തം ഏരിയ മലബാര്‍ എന്നാണല്ലോ പൊതുവേ അറിയപ്പെടുന്നത്. ഈ  പേരിന്‍റെ  പേരില്‍  ഒരു എകീയത ഉണ്ടെങ്കിലും ഭാഷയുടെ കാര്യത്തില്‍ ഇവിടെയും വ്യത്യസ്തത ഉണ്ട്.

മലപ്പുറത്ത് സംസാരിക്കും പോലെയല്ല കണ്ണൂര്‍ സംസാരിക്കുന്ന മലയാളം. കാസര്‍ഗോടിനാനെങ്കില്‍ വേറെയൊരു ശൈലി.
പക്ഷെ വടകരക്കാരും കണ്ണൂര്‍ക്കാരും സംസാരിക്കുന്ന മലയാളത്തിനു ഒരു കുറേ സാമ്യതകള്‍ ഉണ്ട്.അവര്‍ക്ക്‌ പൊതുവേ  എന്തും ഷോര്‍ട്ട്  ചെയ്ത് സമയം ലാഭിക്കുന്ന ഒരു സ്വഭാവം ഉണ്ട്.

'അവന്‍'  എന്നതിന്  'ഓന്‍' എന്നും 'അവള്‍' എന്നതിന്   'ഓള്‍' എന്നും  'അവര്‍' എന്നതിന്  'ഓര്' എന്നും പറയുമ്പോലെ. വേഗം ഇറങ്ങൂ എന്നത് ഷോര്‍ട്ട് ചെയ്ത് ബേംകീ.. എന്നും വീഴും എന്നതിന് “ബൂം” എന്നൊക്കെയാണ് ഭാഷാ പ്രയോഗം(വെങ്കാബോയ്സിലെ “ബൂം ബൂം” എന്ന ഗാനം ഇതിനെ ആസ്പതമാക്കിയാണൊ എന്നൊരു സംശയം ഇല്ലാതല്ല).

‘കുഞ്ഞ് വീഴും‘ അഥവാ ‘കുഞ്ഞന്‍ വീഴും‘ എന്നതിന് ‘കുഞ്ഞമ്പു‘ എന്നാണ് പറയുന്നത്. ചിലപ്പൊ ഈ കുട്ടിയുടെ മുത്തച്ചന്റെ പേരും കുഞ്ഞമ്പു എന്നാവാന്‍ സാധ്യത ഉണ്ട്. കാരണം അങ്ങനെ ഒരു പേരും ഈ നാട്ടില്‍ നിലവിലുണ്ട്.

ചില പേരുകളും ഇവിടെ ഷോര്‍ട്ടാന്തരപ്പെട്ടിട്ടുണ്ട്. സ്വന്തം പേര്  'കൃഷ്ണന്‍'  ആണെന്ന് അറിയാത്ത എത്രയോ ‘കിട്ടന്‍’മാര്‍ ഈ നാട്ടില്‍ ഉണ്ടത്രെ. അത് പോലെ ‘അബ്ദുറഹ്മാന്‍‘ കുറുകി അന്ത്രുമാന്‍ ആയി, കുക്കുറുകി ‘അന്ത്രു’ ആയി. പത്മനാഭന്‍ പപ്പന്‍ ആയി പിന്നെ പപ്പു ആയി.
ഗോപാലന്‍ ഈസ്‌ ഈക്ക്വല്‍ ടു കോവാലന്‍ (സിംഹ വാലന്‍ എന്നൊക്കെ പറയും പോലെ).
വംശ നാശം സംഭവിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു ജീവി ഉണ്ട്. മനുഷ്യനും മൃഗവും പക്ഷിയും കൂടി ചേര്‍ന്ന ഒരു വിചിത്ര ജീവി.
അതാണ്‌ 'അന്ത്രു''മാന്‍''കാക്ക'.
അങ്ങനെ വിചിത്രമായ എത്രയൊ പേരുകള്‍ ഇനിയും ഉണ്ടിവിടെ.


മലബാറിന് പുറത്തുള്ള ഒരാള്‍ ഇവിടെ വന്ന് പെട്ടാല്‍  കുടുങ്ങിയത് തന്നെ.. ഒരു വടകരക്കാരന്റ്റെ ‘ഓന്‍ കീഞ്ഞ് പാഞ്ഞ് കുംബ്ടാട്ടം ബീണ്’ എന്ന പ്രയോഗം കേട്ട്, ഞാന്‍ കേരളവും വിട്ട് ഇന്ത്യയും വിട്ട് അന്യഗ്രഹത്തില്‍ എത്തിപ്പോയോ ഈശോയെ എന്നു വരെ സംശയിച്ച് പോയ ഏതൊ ഒരു പാവം കോട്ടയംകാരന്‍  അച്ചായന്റെ കഥ ഇവിടെ പണ്ടെ പാട്ടാണ്  .

ഇതൊന്നും കൂടാതെ ചില പുതിയ വാക്കുകളും വടക്കന്‍ മലബാറില്‍ ‍ നിന്നും മലയാള ഭാഷക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ട്. അതില്‍ ഒരു വാക്കാണ് ‘ചരെയ്ക്ക്’.വടകര ഭാഗത്തുള്ള മുസ്ലിങ്ങളുടെ ഇടയില്‍ ഉപയോഗിച്ച് വരുന്ന ഈ വാക്കിന്റെ അര്‍ഥം ‘സൂക്ഷിക്കുക‘ എന്നാണ്. (കൂടുതല്‍ വാക്കുകള്‍ അറിയാന്‍ കുറ്റ്യാടിഡിക്ഷ്ണറി കാണുക)

ഇങ്ങനൊക്കെയാണെങ്കിലും ചില പരിഷ്ക്കാരികളും ഉണ്ട് ഇവര്‍ക്കിടയില്‍. കുറച്ച് സൌന്ദര്യവും പണവും മേന്‍പൊടിയായി വിദ്യാഭ്യാസവും ഉണ്ടെങ്കില്‍ ഇവര്‍ പിന്നെ എന്തും അച്ചടി ഭാഷയിലെ സംസാരിക്കൂ.
‘വായു‘ എന്നത് പ്യൂരിഫൈ ചെയ്ത് ‘വാഴു’ എന്നു വരെ പറഞ്ഞ് കളയും.

സത്യത്തില്‍ ജനങ്ങളുടെ ഇടയില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടിയാണ് ഇവര്‍ ഈ പെടാ പാട് പെടുന്നത്. അങ്ങനെ ഒരാളെ ഞാന്‍ ഈയടുത്ത് കണ്ടു മുട്ടി.

ഷോപ്പിങ്ങിന് വേണ്ടി ടെക്സ്റ്റൈല്‍സില്‍ കയറിയതായിരുന്നു. അപ്പൊ ഒരു സ്ത്രീ കേറി വന്നു. കൂടെ ഒരു കുട്ടിയും ഉണ്ട്. കുട്ടിയെ നിലത്ത് വെക്കേണ്ട താമസം കാട്ടി പ്രസവിച്ചത് പോലെ അത് ഓടാന്‍ തുടങ്ങി. ഓടിക്കളിയോടെ ഓടിക്കളി..ഒടുക്കത്തെ ഓടിക്കളി..

“മോനേ ഓടല്ലെ.. വീഴും...” പരിഷ്കാരിയായ അമ്മ അച്ചടി ഭാഷയില്‍  മുന്നറിയിപ്പ് കൊടുത്ത് കൊണ്ടിരുന്നു.

എവിടെ!

അമ്മയുടെ ശ്രദ്ധ വീണ്ടും കണ്ണഞ്ചിപ്പിക്കുന്ന സെലക്ഷനിലേക്ക്...

വര്‍ണാഭമായ സെലക്ഷനില്‍ ഭ്രമിച്ച് നില്‍ക്കുന്ന അമ്മക്ക് മുമ്പില്‍ സെയ്ല്‍സ്മേന്‍ ഏതെങ്കിലും താണ തരം തുണി എടുത്തിടുമ്പോള്‍ മാത്രം പെട്ടെന്ന് മോനെ ഓര്‍മ്മ വരും. അപ്പൊ അമ്മ വീണ്ടും പറയും.

“മോനേ ഓടല്ലേ.. വീഴും...”

ഇത് തുടര്‍ന്ന് കൊണ്ടേ ഇരുന്നു.

കുറച്ച് സമയത്തിന് ശേഷം ‘പ്ടക്കോ’ എന്നൊരു ശബ്ദം കേട്ടു. കൂടെ കുട്ടിയുടെ കരച്ചിലും...

ഞാന്‍ തിരിഞ്ഞു നോക്കി.

അവസാനം അത് സംഭവിച്ചു.

ദാണ്ടെ.. ദവിടെ വീണ് കിടക്കുന്നു.

അമ്മ ദേഷ്യത്തോടെ ഓടി വന്ന് കുട്ടിയെ എടുത്തു. ആദ്യം ഒന്ന് പൊട്ടിച്ചു.
പിന്നെ ഒരു ശകാരവും.

“ഇന്നോട് കൊറെ നേരായില്ലെ പറേന്ന് ബൂം...ബൂം...ന്ന്.. .പറേം പോലെ കേക്കേറ്റല്ലെ ബീണത്”

ഇത് കേട്ട ഞാന്‍ ചിരിക്കണൊ കരയണൊ എന്ന കണ്‍ഫ്യൂഷനില്‍ ആയങ്കിലും ഒരു കാര്യം എനിക്ക് മനസ്സില്‍ തോന്നി.

അത് ഞാന്‍ മനസ്സില്‍ തന്നെ പറയുകയും ചെയ്തു.

“അല്ല തള്ളെ... ഇപ്പൊ ഈ പറഞ്ഞത് മര്യാദക്ക് കൊറച്ച് മുന്‍പെ  പറഞ്ഞിരുന്നെങ്കി  ആ കുട്ടിക്കതു  മനസ്സിലാവുമായിരുന്നില്ലേ?”


Oct 11, 2009

പൊങ്ങട്ടെ! പൊങ്ങട്ടെ!

206
എന്താണീ 206?
ഇതെന്താ ഇപ്പൊ ഇത്ര ചോദിക്കാന്‍?
അത് ഒരു  സംഖ്യ അല്ലെ?
അല്ലെങ്കില്‍ നിങ്ങള്‍ പറയും 205 നു ശേഷവും 207 നു മുമ്പും ഉള്ള ഒരു അക്കം.
എന്നാല്‍ ഇത് അതൊന്നു അല്ല.

ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോ കണക്കിലെ വിരുതനായ സജീഷ്‌ ഞങ്ങളോട് ഒരു ചോദ്യം ചോദിച്ചു. "ഒരാള്‍ ഇരുന്നൂറ്റി ആറ് മീനിനെ പിടിച്ചു. അതില്‍ മൂന്നെണ്ണം കാക്ക കൊത്തിക്കൊണ്ടോയി ബാക്കി എത്തിര മീന് ഇണ്ടാവു? രാജേഷ്‌ ‌ ചാടി  പറഞ്ഞു 203.
"അല്ല".
ഓരോരുത്തര്‍ ഓരോരോ ഉത്തരം പറഞ്ഞു.
"202, 206,205, ഒറ്റയും ഇന്ടാവൂല്ല".
എന്തിനു ഏറെ പറയുന്നു ഒന്നും ഒന്നും രണ്ടു ആണെന്ന് വരെ വല്ല്യ നിശ്ചയം ഇല്ലാത്ത നൌഷാദ്‌ വരെ പറഞ്ഞു നോക്കി.
പക്ഷെ സ്ജീഷിന്റടുത്ത് നോ രക്ഷ.
അവസാനം ഞാന്‍ ഒരു കാച്ച് കാച്ചി.
"മൂന്ന്".
എല്ലാവരും കൂടി ചിരിയോടു ചിരി.
നൌഷാദ്‌ മഹാ വിഡ്ഢിത്തം പറഞ്ഞപ്പോ കൂടി ചിരിക്കാത്ത ഇവന്മാര്  ഞാനൊരു ഉത്തരം പറഞ്ഞപ്പോ ഏതാ ചിരി!
ഒരു മാതിരി കായങ്കുളം സൂപര്‍ഫാസ്റ്റില്‍ കേറിയ പാസഞ്ചരെ പോലെ.

"കറക്റ്റ്‌"

സജീഷ്‌ ചാടി എണീറ്റ്‌ പറഞ്ഞു.
ചിരിച്ചവന്മാരോക്കെ വായി പിളര്ന്നടത്തില്‍ സ്റ്റക്കായി.
"അതെങ്ങനെയാ ചങ്ങായീ. മൂന്നും ഇരുന്നൂറ്റി ആറും തമ്മില്‍ എന്ത് ബന്ധാ?"
"എടൊ ,ഓന്‍ ഇരുന്നു, ഊറ്റി ആറ് മീനാ പിടിച്ചേ! അയിന്ടാത്തിന്നു മൂന്നെണ്ണം കാക്ക കൊണ്ടോയാ ബാക്കി മൂന്നെണ്ണം എല്ലാണ്ട് പിന്നെ എത്തരയാ ഇണ്ടാവാ?"
(ഹൊ!ഒടുക്കത്ത ബുദ്ധി തന്നെ)

എന്നാല്‍ ഞാന്‍ ഉദ്ദേശിച്ച  ഇരുന്നൂറ്റി ആറ് ഇതൊന്നും  അല്ല!
ഇതൊരു സംഭവമാ! മഹാ സംഭവം!

ദുബായിലെ ബുര്‍ജ് ദുബായി പോലെ, എവിടേം എത്താത്ത എന്നാല്‍ എവിടെ എത്തൂന്നു ഒരു നിശ്ചയവും ഇല്ലാത്ത  പാം ദേര പോലെ, മെട്രോ ട്രെയിന് പോലെ.

മേല്‍പറഞ്ഞ  മെട്രോ ട്രെയിന് ഓടുന്ന ഭൂഗര്‍ഭ പാതയുടെ മേലെയുള്ള  അനേകം ബില്ടിങ്ങുകളില്‍   ഒരു ബില്ടിങ്ങിലെ  രണ്ടാം  നിലയിലെ  ഒരു ഫ്ലാറ്റ്‌.  
206
ഞാന്‍ താമസിക്കുന്ന അതായത് 'ആപ്പും കൂള്ളിയും വ്യക്തിയും' കൂടാതെ മറ്റു അഞ്ചാറു പേര് കൂടി താമസിക്കുന്ന ഞങ്ങളുടെ ഫ്ലാറ്റ്‌ നമ്പര്‍. 
വെടി പറച്ചിലും സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും ഒക്കെ ആയി ലാവിഷ് ആയി ജീവിക്കുന്ന ഒരു മലയാളിക്കൂട്ടം.

ഇവിടെ എന്തിനും ഒരു ഓളം കൂടുതലാ, ഒരു പൊലിപ്പിക്കല്.

ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്ന് തിരിച്ചു റൂമിലേക്ക്‌ വരുകയായിരുന്നു.
ഓഫീസില്‍ കാര്യമായി പണിയൊന്നും ഇല്ലാത്തത് കൊണ്ടു ആകെ തളര്‍ന്നാണ്  വരവ്. ഒരു സുലൈമാനി കുടിച്ചാ മാറുന്ന തളര്‍ച്ച. അപ്പോഴാ ഞാന്‍ ഓര്‍ത്തത്‌ ഇപ്പൊ റൂമില്‍ ചെന്നാല്‍ ചായ കിട്ടാന്‍ സാധ്യത ഉണ്ട് . എല്ലാരും കൂടി വട്ടമിട്ട് ഇരുന്നു ചായ കുടിക്കുന്നുണ്ടാവും. അതോര്‍ത്തപ്പോള്‍ നടത്തത്തിനു സ്പീഡ് കൂടിയത് പോലെ.അല്ലാതെ തന്നത്താന്‍ എന്‍റെ പട്ടി ഉണ്ടാക്കി കുടിക്കും ചായ.
റൂമില്‍ കേറാന്‍ ലോക്കിന്റെ മേലെ കൈ വെച്ചതും റൂമില്‍ നിന്നും ഒരു ശബ്ദം.

"പൊങ്ങട്ടെ!" "പൊങ്ങട്ടെ".

"ഏ?" ഞാനൊന്ന് ശങ്കിച്ചു നിന്നു.

രണ്ടാമത്‌ വീണ്ടും കേറാന്‍ നോക്കുമ്പോഴും അതേ ശബ്ദം. 

"പൊങ്ങട്ടെ" "പൊങ്ങട്ടെ"

അപ്പോഴാ ഞാന്‍ ഓര്‍ത്തത്‌.   A/C  കേടാന്നുള്ളതും, അത് സര്‍വീസിനു കൊടുക്കണം എന്ന് രാവിലെ ആരോ പറഞ്ഞതും.
ഇപ്പൊ അകത്തു കേറുന്നത് ബുദ്ധിയല്ലാന്നു എനിക്ക് തോന്നി. അല്ലെങ്കി തന്നെ ഈ ഏ സി ക്കൊക്കെ മുടിഞ്ഞ വെയിട്ടാ.

വരുന്നത് വരട്ടെ  എന്ന്ചിന്തിച്ച് വീണ്ടും കാലു മുന്നോട്ടു വെച്ചതും വീണ്ടും അതെ ശബ്ദം.

"പൊങ്ങട്ടെ" "പൊങ്ങട്ടെ".

എത്ര നേരം എന്ന് വെച്ചിട്ടാ പൊറത്ത് ഇങ്ങനെ നിക്ക്വാ. അവസാനം   ഞാന്‍ അകത്തേക്ക്  കേറി.  മുഖത്തെ ക്ഷീണം ഒന്ന് കുറച്ച് കൂടി ശക്തിപ്പെടുത്തി  ഏ സി ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി.
ഏ സി എന്നെ നോക്കി ചിരിക്കുന്നു! അത് അവിടെ തന്നെ ഉണ്ട്.

നോട്ടം മെല്ലെ പിന്‍വലിച്ച് താഴോട്ട് നോക്കിയ ഞാന്‍ ഒന്ന് ഞെട്ടി.
അവിടെ വെച്ച കുറേ കപ്പുകളില്‍ അവസാനത്തെ കപ്പില്‍ ചായ ഒഴിക്കുന്നു,

"പൊങ്ങട്ടെ" "പൊങ്ങട്ടെ" എന്നും പറഞ്ഞോണ്ട് .

ഇവര് ഇതെന്താ ഈ പറയുന്നത്?
ഇതിന്‍റെ ഗുട്ടന്‍സ്‌ മാത്രം എനിക്ക് പിടി കിട്ടിയില്ല.  പിന്നെയാ
എനിക്ക് മനസ്സിലായത്‌. കപ്പിലേക്ക് ചായ ഒഴിക്കുമ്പോ കുറച്ച് മേലോട്ട് പൊക്കി ഒഴിച്ച് നുരയും പതയും ഒക്കെ വരുത്തിയാല്‍  അതിനു പ്രത്യേക ടേയ്സ്റ്റ് ആണത്രേ! ഒലക്കേടെ മൂഡ്‌.
ഒരാള്‍  ഫ്ലാസ്ക്‌ പൊക്കി ചായ ഒഴിക്കുന്നു. മറ്റുള്ളവര്‍ പ്രോത്സാഹിപ്പിക്കുന്നു.

"പൊങ്ങട്ടെ""പൊങ്ങട്ടെ".

ഇതാണ് 206. ഇങ്ങനെയാണ് 206.

ഈ "ഇരുന്നൂറ്റി ആറില്‍"  ഇരുന്നു കൊണ്ട് ഞാന്‍ എന്‍റെ ആദ്യത്തെ പോസ്റ്റ്‌ ഇടുന്നു.